Tuesday, May 5, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 87

<--മുൻപിലത്തേത്                                   തുടക്കം                               അടുത്തത് -->

"ബ്രഹ്മാണ്ഡങ്ങളനേകകോടിയകമേ നിക്ഷിപ്തമെന്നാകിലും
ത്വന്മദ്ധ്യം കൃശമായ് പരം പരിലസിച്ചീടുന്നതാശ്ചര്യമേ
ഇമ്മന്നിൽദ്ധനികന്നുതാഴ്മയഴകായ് ത്തീരുന്നുവെന്നായിടാ-
മമ്മാനോജ്ഞകമാർന്ന മദ്ധ്യമുരചെയ്തീടുന്ന തത്വം വിഭോ"

പദാർത്ഥം:
ബ്രഹ്മാണ്ഡങ്ങളനേകകോടി = അനേകം കോടി ബ്രഹ്മാണ്ഡമാകുന്ന മുട്ടകൾ
അകമേ നിക്ഷിപ്തം = ഉള്ളിൽ നിക്ഷേപിച്ചിട്ടുണ്ട്
എന്നാകിലും = എന്നാൽ പോലും
ത്വന്മദ്ധ്യം = അവിടുത്തെ അര
കൃശമായ് = മെലിഞ്ഞ്
പരം പരിലസിച്ചീടുന്നത് = ഏറ്റവും ശോഭിക്കുന്നത്
ആശ്ചര്യമേ = അത്ഭുതം തന്നെ.
ഇമ്മന്നിൽദ്ധനികന്നു = ഈ ഭൂമിയിൽ ധനികന്
താഴ്മയഴകായ്ത്തീരുന്നു = താഴ്മ അഴകായിത്തീരുന്നു
എന്നായിടാം = എന്നാവാം
അമ്മാനോജ്ഞകമാർന്ന = ആ മനസിനെ ആകർഷിക്കുന്ന
മദ്ധ്യം = അര 
ഉരചെയ്തീടുന്ന തത്വം = വിളിച്ചുപറയുന്ന തത്വം
വിഭോ = ഹേ വിഭോ

ശ്ലോകാർത്ഥം:
ഹേ വിഭോ, അനേകം കോടി ബ്രഹ്മാണ്ഡമാകുന്ന മുട്ടകൾ ഉള്ളിൽ നിക്ഷേപിച്ചിട്ടുണ്ട് എന്നാൽ പോലും അവിടുത്തെ അരക്കെട്ട് മെലിഞ്ഞ്, ഏറ്റവും ശോഭിക്കുന്നത് അത്ഭുതം തന്നെ. ഈ ഭൂമിയിൽ ധനികന് താഴ്മ അഴകായിത്തീരുന്നു എന്നാവാം മനസിനെ ആകർഷിക്കുന്ന ആ അരക്കെട്ട് വിളിച്ചുപറയുന്ന തത്വം

വ്യാഖ്യാ:
അരക്കെട്ടിന്റെ ഭംഗി അതിന്റെ ഒതുക്കത്തിലാണ്. അതുപോലെ ധനികന്റെ മാന്യത താഴ്മയിലാണ്. ഇതു ഗുരുവിന്റെ കാവ്യഭംഗി.

No comments:

Post a Comment

അഭിപ്രായം