Tuesday, May 5, 2015

ഗുരുപരിചയം

താന്ത്രിക രംഗത്തെ പ്രസ്ഥാനത്രയകർത്താവായ, ശ്രീ ഭാസ്കരരായർ, എന്ന ലൗകിക നാമമുള്ള ഭാസുരാനന്ദനാഥയുടെ പരമ്പരയിൽ പതിനൊന്നാമത്തെ സ്ഥാനത്തു വരുന്ന ഗുരുവാണ് ശ്രീ കെ. എം. പ്രഭാകരമന്നാടിയാർ എന്ന ലൗകികനാമം വഹിക്കുന്ന നാഗാനന്ദനാഥ. ശ്രീമതി ബാലാംബാ എന്ന ഭൗതിക നാമമുണ്ടായിരുന്ന ദീപാംബയെ വിവാഹം കഴിച്ച്, ഗുരു പാലക്കാട്, കണ്ണാടിയിൽ ബാലാംബാസദനം എന്നറിയപ്പെട്ടിരുന്ന വീട്ടിലായിരുന്നു സ്ഥിരതാമസം.

റെയിൽ വേയിൽ, സ്റ്റേഷന്മാസ്റ്റരായി ജോലി നിർവ്വഹിച്ചിരുന്ന ഗുരു, മുണ്ടുടുത്ത് ജോലിക്ക് ചെല്ലാൻ വിലക്കു വന്നതുകൊണ്ട്, അത് രാജിവച്ച് മുഴുസമയം ശ്രീവിദ്യാ പാദസേവയിൽ മുഴുകുകയായിരുന്നു. വീട്ടിൽ പലസ്ഥലങ്ങളിൽ നിന്നും പല താന്ത്രിക കാര്യങ്ങളും സാധിക്കുവാൻ ഭക്തജനങ്ങൾ നിത്യവും വരുകയും, പൂജ തൊഴുത്, കാര്യം നിവർത്തിച്ച് പോകുകയും ചെയ്തിരുന്നു.

കണ്ണാടി ഗ്രാമത്തിലെ സ്ഥലദേവതയായ 'മുകുരേശ്വരി' യുടെ ക്ഷേത്രത്തിന്റെ പ്രധാന ഉപദേഷ്ടാവായിരുന്ന ഗുരു, 'മുകുരേശ്വരീ സുപ്രഭാതം' എന്ന സ്തോത്രം രചിച്ച്, ആ ഭക്തി അന്വർത്ഥമാക്കി. എനിക്കും സതീർത്ഥ്യർക്കും പൂർണ്ണദീക്ഷതന്ന്, അധിക കാലം ഈ ലോകത്ത് താമസിക്കാതിരുന്നത്, മുൻപേ പല ശിഷ്യർക്കും ബാലാ ദീക്ഷ നൽകിയ ഗുരു, ഞങ്ങൾ ചിലർക്ക് പൂർണ്ണദീക്ഷ തരാൻ വേണ്ടിയായിരുന്നു കാത്തിരുന്നത് എന്നു തോന്നുന്നതുപോലെയായി.

വിജ്ഞാനത്തിന്റെ നിറകുടമായിരുന്ന ഗുരു, വായിച്ച് നന്നായി മനനം ചെയ്യാത്ത വൈദിക, പൗരാണിക, താന്ത്രിക ഗ്രന്ഥങ്ങൾ ഏതെങ്കിലുമുണ്ടായിരുന്നില്ലാ എന്ന് നിസ്സംശയം പറയാം. എന്നെപ്പോലുള്ള ശിഷ്യരുടെ ഏതൊരു സംശയവും വളരെക്കുറഞ്ഞ വാക്കുകളിൽ നിവാരണം ചെയ്യാനുണ്ടായിരുന്ന ഗുരുവിന്റെ പാടവം അവർണ്ണനീയമായിരുന്നു.

ആദി ശങ്കരനെപ്പോലെ, നല്ല താന്ത്രികന്മാർ, നല്ല കവികളും കൂടിയായിരിക്കും എന്ന തത്വം, ഉച്ചൈസ്തരം ഘോഷിക്കുന്നവയാണ് ഗുരുവിന്റെ രചനകൾ. അറിവിൽപ്പെട്ടിടത്തോളം നാലുകൃതികളാണ് ലഭ്യമായവ. ഇതിൽ 'അന്തർമുഖനായ അർജ്ജുനൻ' എന്ന കവിതയുടെ കൈക്കുറിപ്പ് (മാനുസ്കൃപ്റ്റ്) ഒരിക്കൽ സാഹിത്യവിഷയകമായ ഞങ്ങളുടെ സ്വകാര്യസംഭാഷണ മദ്ധ്യേ, ഒരു ചെറു പുഞ്ചിരിയോടുകൂടി എനിക്ക് വച്ചുനീട്ടിയപ്പോൾ, ഗുരു എന്തോ പറഞ്ഞു. നിർഭാഗ്യവശാൽ അതെന്താണെന്നെനിക്കിന്നോർമ്മയില്ല. എങ്കിലും, എല്ലാം പറഞ്ഞുതരുവാൻ നിൽകാതെ പെട്ടെന്ന് ഇഹലോകവാസം വെടിഞ്ഞ ഗുരു, പറയേണ്ടതെല്ലാം സ്വന്തം കൃതികളിൽ പറഞ്ഞു വച്ചിട്ട് പോയതോടൊപ്പം, ഈ കൈക്കുറിപ്പ് എന്നെ സ്നേഹത്തോടെ ഏല്പിച്ചത് എന്നും പുളഗോദ്ഗമകാരിയായ ഒരു ഓർമ്മയാണ്. ഇതു മാത്രം ശുദ്ധമായ കവിതയാണ്. എങ്കിലും അർജ്ജുനനും ഒരു താന്ത്രികനായിരുന്നു എന്ന് ഇതിലെ അവസാന ശ്ലോകത്തിലെ അവസാനവരിയിലെ "ചണേ മാനസമന്വയിക്കയാൽ" എന്ന വർണ്ണനയിലൂടെ ഗുരു പറഞ്ഞുവച്ചു. 

എന്നാലാവുന്ന വിധം ഗുരുവിന്റെ ഈ വിവിധ രചനകൾ ഇവിടെ ഭക്തജനങ്ങൾക്ക് വായിക്കുവാനും മനസ്സിലാക്കുവാനും ചേർക്കുന്നതോടൊപ്പം, എനിക്കറിയാവുന്ന വിധത്തിൽ അവ വ്യാഖ്യാനംചെയ്യാനുമുള്ള ഒരു എളിയ ശ്രമം ചെയ്യുന്നു. ഹരിസുധാലഹരിയിലെയും, മുകുരേശ്വരീ സുപ്രഭാതത്തിലെയും പല ശ്ലോകങ്ങളും വ്യാഖ്യാനിക്കാൻ ഞാൻ വളരെ ആയസപ്പെടുന്നുണ്ടെങ്കിലും, ആ സാഗരത്തിൽ നിന്ന് ഒരു കൈക്കുടന്ന കോരിക്കുടിക്കുവാൻ കഴിഞ്ഞാൽ ത്തന്നെ മോക്ഷപ്രദം.

1 comment:

അഭിപ്രായം