Tuesday, September 9, 2014

ശിവപഞ്ചാക്ഷരീ മാലാസ്തോത്രം (മണലൂരീശസ്തവം)

ഓങ്കാരാകാരനീശൻ സ്വയമറിവതിനായിച്ഛപൂണ്ടുത്ഭവിച്ചോ-
രാങ്കാരാദി ത്രിബീജപ്രഥിത നിജവിമർശാഖ്യയാം ശക്തിയോടും
വൻ കാമം പൂണ്ടുമേളിച്ചഖിലഭുവന സർഗോദിതാനന്ദതത്വം
തങ്കൽത്താൻ കണ്ടുമേവും പരശിവ മണലൂരീശ തൃപ്പാദമീഡേ

ഹ്രീം വാച്യാശക്തിയോടൊത്തനുപമ പരമാനന്ദപൂരം നുകർന്ന-
ശ്ശൈവം നാലഞ്ചു ശക്ത്യാത്മകമിതി വിലസും വേദി മദ്ധ്യേ ത്രികോണേ
ദേവന്മാർ ഭക്തിപൂർവം ജയ ജയ ഗിരിജാവല്ലഭേത്യാലപിക്കും
രാവത്താൽ ത്തുഷ്ടനായുൾക്കനിവൊടു മണലൂർ വാഴുമീശം ഭജാമി

നക്ഷത്രേശവിരാജിതം സുരനദീ സത്മം ജടാജൂടവും
അക്ഷയ്യ പ്രണയാർദ്രവീക്ഷണസുധാ നിഷ്യന്ദി മുഗ്ധാസ്രവം
സാക്ഷാത് ത്ര്യക്ഷരി ബിംബരാഗമനിശം മേവും സ്വവാമാങ്കവും
യക്ഷാധീശ്വര വന്ദ്യപാദമണലൂരീശ സ്മരാമ്യന്വഹം

മന്ദാക്ഷപ്രണയാനവദ്യസുമിളൻ ശൃംഗാരഭാരാനതം
മന്ദസ്മേരമനോഹരാനനമൊടും സൗന്ദര്യ സർവ്വസ്വമായ്
കുന്ദാദ്യസ്ത്രവു മിക്ഷുകാർമ്മുകവുമാർന്നങ്കേ വസിക്കും ചിദാ-
നന്ദാകാരിണി ശക്തിയൊത്തു മണലൂർ വാഴും പുരാനാശ്രയം

ശിഷ്ടന്മാർക്കഭയം സുരർക്കു വിജയം ദൈത്യർക്കു ദോർവ്വീര്യവും
സാഷ്ടാംഗം പ്രണമിക്കുവോർക്കു സകലാഭീഷ്ടാഷ്ട സിദ്ധ്യാദിയും
പുഷ്ടപ്രേമമണച്ചു പഞ്ചമുഖനപ്പത്മാസനാസീനനാം
അഷ്ടാകാരനമേയ മൂർത്തി മണലൂർ വാഴും ശിവം ഭാവയേ

വാമാങ്കേ വിലസും മഹേശ്വരിയൊടായ് നാനാവിധം തന്ത്രവും
കാമാഖ്യം കലതൻ രഹസ്യവുമതിന്നാധാരമാം വിദ്യയും
വാമം ദക്ഷിണ മിത്യനേകവിധമാം സേവാപ്രകാരങ്ങളും
പ്രേമം പൂണ്ടുരചെയ്തു കൊണ്ടു മണലൂർ വാഴും ഗുരോ കൈതൊഴാം

യന്മന്ത്രം ഭുവനോദയസ്ഥിതിലയാധാരം പരാശക്തിതൻ
വന്മാഹാത്മ്യവുമീശ്വരൻ മഹിമയും മേളിപ്പതേതൊന്നിലോ
ജന്മം മേ സഫലീകരിച്ചരുളുവാനമ്മന്ത്രരത്നസ്തവം
ചിന്മാത്രാത്മക ഹേ മണല്പുരപതേ ഭക്ത്യാ സമർപ്പിപ്പു ഞാൻ

2 comments:

  1. Outstanding - Sakta doctrine condensed in two beautiful stanzas - സ്വയം അറിവതിനായ് ഇച്ഛപൂണ്ടുത്ഭവം - each line is remarkable beyond words and original - not the usual copying from Sanskrit.

    ഓങ്കാരാകാരനീശൻ സ്വയമറിവതിനായിച്ഛപൂണ്ടുത്ഭവിച്ചോ-
    രാങ്കാരാദി ത്രിബീജപ്രഥിത നിജവിമർശാഖ്യയാം ശക്തിയോടും
    വൻ കാമം പൂണ്ടുമേളിച്ചഖിലഭുവന സർഗോദിതാനന്ദതത്വം
    തങ്കൽത്താൻ കണ്ടുമേവും പരശിവ മണലൂരീശ തൃപ്പാദമീഡേ

    ഹ്രീം വാച്യാശക്തിയോടൊത്തനുപമ പരമാനന്ദപൂരം നുകർന്ന-
    ശ്ശൈവം നാലഞ്ചു ശക്ത്യാത്മകമിതി വിലസും വേദി മദ്ധ്യേ ത്രികോണേ
    ദേവന്മാർ ഭക്തിപൂർവം ജയ ജയ ഗിരിജാവല്ലഭേത്യാലപിക്കും
    രാ-ത്താൽ ത്തുഷ്ടനായുൾക്കനിവൊടു മണലൂർ വാഴുമീശം ഭജാമി

    ReplyDelete
  2. Yes. Now that I completed hari Sudhalahari I would like to take up mukureswaree suprabhatham and this one

    ReplyDelete

അഭിപ്രായം